ഏതാണ്ട് അറനൂറില്‍ കൂടുതല്‍ വര്‍ഷം പഴക്കമുള്ളതും പ്രസിദ്ധിയാര്‍ജിച്ചതുമായ ഒരു വേട്ടയ്ക്കൊരു മകന്‍ പരദേവതാക്ഷേത്രം.ഉപദേവന്മാരായി പൊട്ടന്‍ദൈവം (ശൈവം),ഗുരു,ഭദ്രകാളി,ഗണപതി എന്നീ മൂര്‍ത്തികള്‍ക്ക് പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. തേക്ക് തടിയില്‍ നിര്‍മ്മിച്ച് ചെമ്പോലമേഞ്ഞ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കാരപ്പറമ്പ് കുറ്റ്യാട്ട് ശ്രീ വേട്ടയ്ക്കൊരു മകന്‍ പരദേവതാ ക്ഷേത്രം. സമച്ചതുരാകൃതിയിലുള്ള മതില്‍ കെട്ടിനകത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്‍റെ തിരുമുറ്റം പുരാതനകാലത്തെ കളരി സമ്പ്രദായത്തെയും അന്നത്തെ അഭ്യാസികളെയും വീരയോദ്ധാക്കളെയും അനുസ്മരിപ്പിക്കുന്ന തരത്തില്‍ കുഴിമുറ്റമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഈ അടുത്തക്കാലത്ത് കൃഷ്ണശില പതിപ്പിച്ച് തിരുമുറ്റം നവീകരിക്കുകയും ചെയ്തിരിക്കുന്നു. ക്ഷേത്രങ്ങളെ കുടചൂടി നില്‍ക്കുന്ന പടുകൂറ്റന്‍ആല്‍മരവും അതിനോട് ചേര്‍ന്ന ആല്‍ത്തറയും ക്ഷേത്രത്തിന് അലങ്കാരമായി നിലനില്‍ക്കുന്നതോടൊപ്പം ചൈതന്യവും ശുദ്ധവായുവും ഭക്തരിലേക്ക് പ്രവഹിക്കുന്നു.കൂടാതെ നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്‍കുന്ന മനോഹരമായ ചെമ്പകവും,കാഞ്ഞിരവും, അതിന് ചേര്‍ന്ന തറയും മറ്റൊരു ക്ഷേത്രങ്ങളിലും കാണാന്‍ കഴിയാത്ത പ്രത്യേകതയാണ്. വാസ്തു വിധിപ്രകാരം നിര്‍മ്മിച്ച ലക്ഷണമൊത്ത "തീര്‍ത്ഥകുളം" ഏത് വേനലിലും വറ്റാതെ നിലനില്‍ക്കുന്നതും പൗരാണിക ക്ഷേത്ര നിര്‍മ്മാണത്തിന്‍റെ വൈദഗ്‌ദ്ധ്യം വിളിച്ചോതുന്നു.
പ്രധാന ഉത്സവം കുംഭമാസം 23ന് മഹാഗണപതിഹോമത്തോടെ ആരംഭിച്ച് 24 ന് കാലത്ത് കൊടിയേറ്റവും 28,29,30 തിയ്യതികളില്‍ തിറയാട്ടത്തോടെ സമാപിക്കുന്നു.ഉത്സവ ക്കാലത്ത് സപ്താഹയജ്ഞങ്ങള്‍,അദ്ധ്യത്മിക പ്രഭാഷങ്ങള്‍,സംസ്കാരിക പരിപാടികള്‍,ഇരുപത്തിനാലു മണിക്കൂര്‍ തുടര്‍ച്ചയായി അഖണ്ഡനാമജപയജ്ഞം എന്നിവ നടത്തി വരുന്നു. കൂടാതെ വിഷുവിളക്ക്,വിഷുവിന് ഇളനീരാട്ടം,മിഥുനമാസത്തിലെ പുണര്‍തം നക്ഷത്രത്തില്‍ പ്രതിഷ്ട്ടാദിനം,നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സ്വര്‍ണ്ണ ഔഷധ സേവ,തൃക്കാര്‍ത്തിക നാളില്‍ തിരുവാതിര മഹോത്സവം, ദീപാവലി ആഘോഷം,മണഡലാഘോഷ, വിനായകചതുര്‍ത്ഥി എന്നിവ ഇവിടെ സമൂചിതം ആഘോഷിച്ച് വരുന്നു.